കാരക്കാസ്: ഇരട്ടഭൂകന്പത്തിന്റെ ആഘാതം പേറുന്ന വെനസ്വേലയിൽ പ്രതീക്ഷയുടെ കിരണമായി മൂന്നു വയസുകാരന്റെ അദ്ഭുത രക്ഷപ്പെടൽ. ഭൂകന്പമുണ്ടായി ആറാം ദിവസമാണ് ക്ലീബർ മൊറാൻ എന്ന ആൺകുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
നാശനഷ്ടങ്ങൾ ഏറ്റവും കൂടുതലുണ്ടായ ലാ ഗുവാരയിൽ തെരച്ചിൽ നടത്തുകയായിരുന്ന ജോർദാനിയൻ സംഘം ചൊവ്വാഴ്ച രാവിലെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്കിയശേഷം കാരക്കാസിലെ ആശുപത്രിയിലേക്കു മാറ്റി. പാർപ്പിടകേന്ദ്രത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ 144 മണിക്കൂർ കുടുങ്ങിക്കിടന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിപ്പ്.
ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേരെ ജീവനോടെ കണ്ടെത്തിയേക്കാമെന്ന പ്രതീക്ഷ ഇതോടെ സജീവമായി.